നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

പ്രിയമുള്ള സീതാജി, കരുതലോടെ സുധാമ്മ"

"പ്രിയമുള്ള സീതാജി, കരുതലോടെ സുധാമ്മ"

   ഇന്നലെ(13/12/2019) ഉച്ചതിരിഞ്ഞ് 3 മണിയോടെ ഓഫീസിൽ നിന്നുമിറങ്ങി. ബൈക്കിൽ നേരെ എറണാകുളത്തോട്ട് വെച്ചു പിടിച്ചു.
 
   സീതാതമ്പി ജയകൃഷ്ണന് ൮ക്ക സമ്മാനിച്ചിട്ട് നാലാം ദിനമാണ്. ഓപ്പറേഷന്റെ തലേന്ന് രാത്രിയിൽ ആശുപത്രിയിൽ തമ്മിൽ കണ്ട് പിരിഞ്ഞതാണ്. അന്നു കണ്ടതിനേക്കാൾ ആത്മവിശ്വാസവും, സന്തോഷവും നിറഞ്ഞു തുളുമ്പുന്ന ആ മുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

   സർജറിയുടെ ഭാഗമായുണ്ടായിട്ടുള്ള ചെറിയ വേദനയും ഗ്യാസിന്റെ പ്രശ്നങ്ങളും വകവെക്കാതെ ജയകൃഷ്ണനെ കുറിച്ചും, മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന സീതാജിയെ കണ്ടപ്പോൾ അവരെ പരിചയപ്പെട്ടതെന്നാണെന്ന് ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു ഞാൻ.

   എനിക്ക് തോന്നുന്നു ... ദയ ട്രസ്റ്റ് ചെയർമാൻ രമേഷ് സാറിന്റെ ക്ഷണപ്രകാരം രാജേഷിന് അവർ നിർമ്മിച്ച ദയാഭവനം സമ്മാനിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയിൽ തൃശൂർ മണ്ണുത്തിയിൽ നിന്നും എന്നെ സീതാ ജിയുടെ കാറിൽ കൂടെ കൂട്ടിയതാണ്.

   അന്ന് തുടങ്ങിയ ആ യാത്ര പിന്നെ പല പല പ്രോഗ്രാമുകൾ കടന്ന് എളനാട്ടിലെ കണ്ണന്റെ കരള് മാറ്റി വെക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരൊരുമിച്ച് പിരിവിനിറങ്ങിയ ആ ദിവസം(22/4/2018) ....

   നീരുവന്ന കാലുമായി കോട്ടയത്ത് നിന്നും തലേന്നു തന്നെ എളനാട്ടിലെത്തി, പിറ്റേന്ന് പിരിവിനിറങ്ങി ആദ്യാവസാനം ടീമിനാകെ ഉണർവ്വ് നൽകി ആവേശപൂർവ്വം ആത്മാർത്ഥതയോടെ കൂടെ നിന്ന സീതാജി അന്നേ ആ നാട്ടുകാരുടേയും ദയ കുടുംബാംഗങ്ങളുടേയും എന്നപോലെ എന്റേയും മനസ്സിലിടം പിടിച്ചിരുന്നു.

   ഒരു കുസൃതിക്കുട്ടിയായി, എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളിലും, സ്നേഹത്തോടെ ആവേശത്തോടെ ദയക്കൊപ്പം പ്രവർത്തിച്ചു കൊണ്ടിരുന്ന സീതാജിക്കുള്ളിൽ നിന്നും, കാരുണ്യത്തിന്റെ സ്നേഹത്തിന്റെ ത്യാഗത്തിന്റെ അടുത്ത കുത്തൊഴുക്കായിരുന്നു ...കോട്ടായിയിലെ, മതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃക്കരോഗിയായ ജയകൃഷ്ണനെ തന്റെ മക്കളിലൊരാളായി കണ്ട് തന്റെ വൃക്കകളിലൊന്ന് പകുത്തുനൽകുവാനുള്ള ആ ധീരമാർന്ന തീരുമാനം.

   അത്ര പെട്ടെന്നൊന്നും ഒരാൾക്കങ്ങിനെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ എട്ട് വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരവയവ ദാതാവായ എനിക്കുറപ്പുണ്ട്.

   ഇന്നും, സ്വന്തം ചോരയിൽപ്പെട്ടവർക്കു പോലും അവയവം പകുത്തു നൽകാൻ തയ്യാറാകാത്ത, വലിയൊരു സമൂഹത്തിന് മുന്നിലേക്ക് സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, നന്മയുടെ ഉറവ വറ്റാത്ത ഓർമ്മപ്പെടുത്തലാണ് സീതാതമ്പിയെന്ന അമ്മ .

   ആ അമ്മയുടെ വിലമതിക്കാനാവാത്ത നന്മയിലേക്കുള്ള വഴിയിൽ ഒരു കൂട്ടായിരിക്കുവാൻ ദയ ട്രസ്റ്റിനെന്ന പോലെ എനിക്കും അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

   ഒപ്പം സീതാജിയുടെ ത്യാഗത്തിന് കൂട്ടിരിക്കാൻ, തന്റെ കുടുംബത്തേയും, ജോലിയേയും കുറച്ച് നാളത്തേക്ക് മാറ്റി വെച്ച്, സീതാജിയുടെ എല്ലാ നന്മകൾക്കും, കുറുമ്പുകൾക്കും കരുതലോടെ ആശുപത്രിയിൽ കൂട്ടിരിക്കുന്ന സീതാജിയുടെ  പ്രിയസഹോദരി സുധാമ്മക്കും ഒപ്പം സീതാജിക്കും മുന്നിൽ നമിക്കുന്നു ഞാനും .

   ജയകൃഷ്ണൻ സുഖമായിരിക്കുന്നു. അവനെ സ്നേഹിക്കുന്നവരോട് പറയുവാനുള്ളത് .... അടുത്ത മൂന്നു മാസത്തേക്ക് അവനെ നേരിൽ കാണാൻ ശ്രമിക്കാതിരിക്കുക. നമ്മളിലുള്ള ഒരു ജലദോഷം മതി.... ആ ജീവനും ജീവിതവും വീണ്ടും ദുരിത പൂർണ്ണമാകാൻ .
   പ്രാർത്ഥിക്കുക .... അവർക്കു വേണ്ടി,
സ്നേഹത്തോടെ,

 അജിത്ത് നാരങ്ങളിൽ